ദുബായ് : നിഷ്കളങ്കയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുന്നതടക്കമുള്ള കേരളത്തിലെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണം ജീവിതമൂല്യങ്ങളുടെ തകര്‍ച്ചയാണെന്ന് കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ.സി.സി) പ്രസിഡന്റ് അഭി.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യം, മയക്കുമരുന്ന്, തെറ്റായ ഭക്ഷണ രീതി എന്നിവ മനുഷ്യന്റെ ചോദനകളെ ഇളക്കിവിടുന്നു. മദ്യം വ്യക്തികളുടെ ആരോഗ്യവും കുടുംബഭദ്രതയും തകര്‍ക്കുന്നു. ഓണം, ഈസ്റര്‍ എന്നീ വിശേഷ ദിവസങ്ങളിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വില്‍പന നടത്തുന്നതെന്ന് വൈരുദ്ധ്യമാണ്. ഇതിനെതിരെ ബോധവത്കരണം ആവശ്യമാണ്. ഇതു മനസ്സിലാക്കി കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് ശക്തമായി പ്രവര്‍ത്തിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. മദ്യത്തിനെതിരേ സന്ദേശമുള്ള യു-ടേണ്‍ എന്ന ഫിലിം ഇടവകകളിലും സ്കൂളുകളിലും കോളേജുകളിലുമടക്കം എല്ലായിടത്തും പ്രദര്‍ശിപ്പിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൈക്കൂലി വലിയൊരു സാമൂഹ്യ പ്രശ്നമായി മാറിയിട്ടുണ്ട്. ചെറിയ മേഖലകളില്‍പ്പോലും കൈക്കൂലിയുടെ കരാളഹസ്തം പിടികൂടിയിരിക്കുന്നു. ഇത്തരം മൂല്യത്തകര്‍ച്ച നേരിടാന്‍ ഘടനാപരമായ മാറ്റമാണ് വേണ്ടത്. ഇച്ഛാശക്തിയോടെ ഒരു ശുദ്ധികലശത്തിന് പ്രവര്‍ത്തിക്കുവാന്‍ എല്ലാവരും മുന്നോട്ടു വരേണ്ടിയിരിക്കുന്നു. മുത്തങ്ങ, ചെങ്ങറ, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളില്‍ ശക്തമായി ഇടപെടുന്ന കെ.സി.സി. ഭാവിയിലും കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് അഭി.തിരുമേനി പറഞ്ഞു. കേരളത്തിലും ഗള്‍ഫിലും മികച്ച പ്രവര്‍ത്തനം നടത്തുന്ന കെ.സി.സി. ഇവിടുത്തെ ഇതര രാജ്യക്കാരായ ക്രിസ്ത്യന്‍ സഭകളെയും ഒന്നിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സി.സി. സോണല്‍ പ്രസിഡന്റ് ഫാ.ബിജു പി.തോമസ്, വൈസ് പ്രസിഡന്റ് റവ. വി.കുഞ്ഞുകോശി, റവ.സഖറിയ അലക്സാണ്ടര്‍, റവ.തോമസ് മാത്യു, ട്രഷറര്‍ സോളമന്‍ ഡേവിഡ് എന്നിവരും അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു.
Courtesy : Manorama Online
