മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയില്‍ സുസ്ഥിര സമാധാനം സാധ്യമാക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും അനധികൃത കൈയ്യേറ്റങ്ങല്‍ നടത്തി പള്ളികള്‍ പിടിച്ചെടുക്കുന്ന പതിവ് സഭയ്ക്കില്ലെന്നും വൈദീകട്രസ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്.ഓര്‍ത്തഡോക്സ് സഭ പുതുതായി ഒരു കേസും കൊടുത്തിട്ടില്ല. സുപ്രീം കോടതി വിധിയുടെയും അനുബന്ധ വിധികളുടെയും നടത്തിപ്പ് ഹര്‍ജിയാണ് ഇപ്പോള്‍ നിലവിലുള്ളത്.1979-ല്‍ ആരംഭിച്ച കോതമംഗലം മാര്‍ത്തോമന്‍ ചെറിയപള്ളിക്കേസ് സംബന്ധിച്ചും നിലവിലുള്ള കോടതി വിധി നടപ്പിലാക്കികിട്ടണമെന്നതാണ് സഭയുടെ ആവശ്യം. സമവായത്തെക്കുറിച്ചും മദ്ധ്യസ്ഥക്കുവേണ്ടിയും പുറമെ പറയുന്നവരാണ് ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരിയെ സംബന്ധിച്ച് അടുത്തയിടെ പുതിയ 2 കേസുകള്‍ കൊടുത്തത്. ത്രിക്കുന്നത്ത് സെമിനാരിപള്ളി ഭദ്രാസന മെത്രാപ്പോലീത്തായുടെ അരമനപള്ളിയാണെന്ന് അവിതര്‍ക്കിതമായ കോടതി വിധി നിലനില്ക്കെ മാര്‍ച്ചും ധര്‍ണയും നടത്തി പള്ളി പൂട്ടിച്ചവര്‍ തന്നെ കോടതിക്ക് വെളിയില്‍ മദ്ധ്യസ്ഥന്മാര്‍ വേണമെന്ന് വാദിക്കുന്നത് വിചിത്രമായി തോന്നുന്നു. കോടതി വിധികളും മദ്ധ്യസ്ഥതീരുമാനങ്ങളും ലംഘിക്കുകയും ക്രമസമാധാനനില തകരാറിലാക്കി പള്ളികള്‍ പൂട്ടിക്കുകയും ചെയ്തവര്‍ക്കെതിരെ നിലവിലുള്ളത് പലതും ക്രമിനല്‍ കേസുകളാണ്. സഭ രണ്ടായി പിരിയണമെന്ന് ഒരു കോടതിയും വിധിച്ചിട്ടില്ല. അങ്ങനെയൊരു ധാരണ പരത്തുന്ന വിധത്തില്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി നടത്തുന്ന വ്യാജ പ്രചരണം വിലപ്പോവില്ല.
