ഓര്‍ത്തഡോക്സ് സഭയില്‍ സുസ്ഥിര സമാധാന സ്ഥാപനത്തിനായി 1995-ലെ സുപ്രീം കോടതി വിധിയും 1934-ലെ സഭാ ഭരണഘടനയും അംഗീകരിച്ചുകൊണ്ടുള്ള നടപടികളാണ് വേണ്ടതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളിയില്‍ ഇല്ലാത്ത അവകാശം സ്ഥാപിക്കാനായുള്ള യാക്കോബായ നേതാക്കളുടെ നീക്കം അനുവദിക്കാനാവില്ല. പള്ളികളില്‍ മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് പള്ളികള്‍ പൂട്ടിക്കുന്നവര്‍ തന്നെ എന്തു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാണെന്ന പ്രചരണത്തോടെ അനധികൃത അവകാശസ്ഥാപനത്തിനായി ശ്രമിക്കുന്നത് അപലപനീയമാണ്. സംഘര്‍ഷം സൃഷ്ടിക്കുന്നതിനും കോടതി വിധികളും ഉഭയകക്ഷി ഉടമ്പടികളും ലംഘിക്കുന്നതിനും നേതൃത്വം നല്‍കുന്നവര്‍ തന്നെ സമവായത്തിന്റെ ഭാഷ സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല. തൃക്കുന്നത്ത് സെമിനാരി പള്ളിയുടെമേല്‍ അവകാശം ഉന്നയിച്ച് യാക്കോബായക്കാര്‍ നല്‍കിയ കേസില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അവകാശം സ്ഥാപിച്ചുകൊണ്ട് ലഭിച്ച കോടതി വിധി നിലനില്‍ക്കെ പുതിയ അവകാശവാദവുമായി വരുന്നതില്‍ പ്രസക്തിയില്ല. തൃക്കുന്നത്ത് സെമിനാരിപ്പള്ളി സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും ജില്ലാ ഭരണാധികാരികളുടെയും മദ്ധ്യസ്ഥതയില്‍ ഒപ്പുവച്ച ഉഭയകക്ഷി എഗ്രിമെന്റ് പാലിച്ച് മാതൃക കാണിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
