കോട്ടയം : ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ പൊതുപ്രവര്‍ത്തനം ദൈവനിയോഗമനുസരിച്ചുള്ള ശുശ്രൂഷയായി കണക്കാക്കി ജാതിമത കക്ഷി ഭേദമെന്യെ എല്ലാ ജനങ്ങള്‍ക്കുമായി സേവനമനുഷ്ഠിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. Photo Gallery തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഞ്ഞൂറില്‍ പരം ജനപ്രതിനിധികള്‍ക്കും പത്മശ്രീ കുര്യന്‍ ജോണ്‍ മേളംപറമ്പിലിനും നല്‍കിയ സ്വീകരണത്തില്‍ സഭാവക ഉപഹാരം നല്‍കി.അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ അദ്ധ്യക്ഷ പ്രസംഗത്തില്‍ മഹാത്മാഗാന്ധിയെ മാതൃകയാക്കി രാഷ്ട്രീയ പ്രവര്‍ത്തനത്തെആദ്ധ്യാത്മീക തലത്തിലേക്ക് ഉയര്‍ത്തണമെന്ന് ആഹ്വാനം ചെയ്തു.മുഖ്യപ്രഭാഷണം നടത്തിയ എസ്. എന്‍. ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വര്‍ത്തമാനകാല വെല്ലുവിളികളെ നേരിടുന്നതിനായി ഓര്‍ത്തഡോക്സ് സഭ സമുദായങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കണമെന്ന് അഭിപ്രായപ്പെട്ടു. സാമൂഹ്യ നീതിക്കുവേണ്ടി ഒരു ധര്‍മ്മ യുദ്ധത്തില്‍ രണ്ട് സമുദായങ്ങളും പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും യോജിക്കാവുന്ന മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അഴിമതിക്ക് എതിരെ അണിനിരക്കണമെന്നും എം. ബി. രാജേഷ് എം. പി. ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് ദൈവഭയമുള്ളതിനാല്‍ ഒരു ലക്ഷമണരേഖക്ക് അപ്പുറത്തേക്ക് പോകാനാകില്ലെന്നും വിശ്വാസിയായിരിക്കുകയാണ് ഒരു ജനപ്രതിനിധിക്ക് ഉത്തമമെന്ന് ആശംസ നേര്‍ന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം. എല്‍. എ. പറഞ്ഞു. വൈദിക ട്രസ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, അത്മായ ട്രസ്റി എം. ജി. ജോര്‍ജ്ജ് മുത്തൂറ്റ്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു ജോര്‍ജ്ജ്, കോട്ടയം മുന്‍സിപ്പല്‍ ചെയര്‍മാന്‍ സണ്ണി കലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വെള്ളാപ്പള്ളി നടേശനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ദേവലോകത്ത് പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ച് ആശംസകള്‍ അറിയിച്ചതിന് ശേഷമാണ് സമ്മേളനത്തിന് എത്തിയത്.
