കോട്ടയം : വാര്‍ദ്ധക്യത്തിലും രോഗാവസ്ഥയിലും ആശ്രയമില്ലാത്തവര്‍ക്ക് ആശ്വാസമേകുക എന്നത് സാമൂഹ്യദൌത്യമായി കരുതി സഭയും സന്നദ്ധ സംഘങ്ങളും സാന്ത്വന ശുശ്രൂഷാരംഗത്ത് സജീവമായി പ്രവര്‍ത്തിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.കോട്ടയം മെഡിക്കല്‍ കോളജിന് സമീപം ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ 16 വര്‍ഷമായി നിര്‍ധന രോഗികള്‍ക്ക് ആശ്രയകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാരുണ്യ നിലയത്തോടനുബന്ധിച്ച് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ആര്‍ച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട്, ബിഷപ്പ് സാം മാത്യു, കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍, കാരുണ്യ സെക്രട്ടറി ഫാ. ഇ. കെ. ജോര്‍ജ്ജ് കോറെപ്പിസ്ക്കേപ്പാ, ഫാ. ജോണ്‍ ചിറത്തിലാട്ട്, ഡോ. ജോസ് ടോം, പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട്, തോമസ് ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.
