Pages

തൃക്കുന്നത്ത് സെമിനാരി : ഓര്‍ത്തഡോക്‌സ് സഭ രേഖകള്‍ സമര്‍പ്പിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഉടമസ്ഥതയിലും കൈവശത്തിലും ഇരിക്കുന്ന ആലുവ തൃക്കുന്നത്ത് സെമിനാരിയുമായി ബന്ധപ്പെട്ട കോടതി വിധികള്‍, ഉടമ്പടികള്‍ തുടങ്ങിയവ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ കോടതിവിധിയാണ് നിലവിലുള്ളതെന്നും അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത പ്രസ്താവനയില്‍ പറഞ്ഞു.ഇപ്പോള്‍ അങ്കമാലി ഭദ്രാസനാധിപനാണ് അവിടെ താമസിച്ച് ഭരണം നടത്തുന്നത്. സെമിനാരി സംബന്ധിച്ച് എതിര്‍വിഭാഗംകൊടുത്ത എല്ലാ കേസുകളിലും അവര്‍ പരാജയപ്പെട്ടു. സെമിനാരിയുടെ ഉടമസ്ഥത സംബന്ധിച്ച രേഖകള്‍ ഉണ്ടെന്നാണ് എതിര്‍വിഭാഗം പറയുന്നത്. എന്നാല്‍, അവ കോടതിയിലോ, അധികാരികള്‍ക്കോ സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും മെത്രാപ്പോലീത്ത പറഞ്ഞു. കോടതിവിധികളും ഉടമ്പടികളും അനുസരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തയ്യാറാണ്. മറുവിഭാഗവും അതിന് തയ്യാറായാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.