Pages

പാരമ്പര്യ ചുവര്‍ച്ചിത്രരചനയുടെ വര്‍ണവിന്യാസം

ചാരുംമൂട്: പുന്നമൂട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ചുവരുകള്‍ പാരമ്പര്യ ചിത്രകലയുടെ സൗന്ദര്യവും കലാമൂല്യവും ഉള്‍ക്കൊള്ളുന്ന ചിത്രങ്ങളാല്‍ സമൃദ്ധമായി. ചാരുംമൂട് ഇടക്കുന്നം സ്വദേശി സുരേഷ് കുന്നുങ്കലാണ് ക്രൈസ്തവ ചുവര്‍ച്ചിത്രങ്ങള്‍ വരച്ചത്. നവീകരിച്ച ദേവാലയത്തിന്റെ കൂദാശ ചടങ്ങുകള്‍ 4, 5 തീയതികളില്‍ നടക്കും.പാരമ്പര്യ ചുവര്‍ച്ചിത്രരചനയുടെ വര്‍ണവിന്യാസവും രേഖാപ്രധാന്യവും ദേവാലയത്തിലെ ചുവര്‍ച്ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. സത്വ, രജോ, തമോ ഗുണങ്ങളെ അടിസ്ഥാനമാക്കി, യേശുദേവന് സത്വഗുണത്തില്‍പ്പെടുത്തി പച്ചനിറമാണ് നല്‍കിയിട്ടുള്ളത്. ക്രൈസ്തവ ചുവര്‍ച്ചിത്രങ്ങളില്‍ യേശുവിന്റെ ജനനം, പീഡാനുഭവം, ഉയിര്‍പ്പ് എന്നിവയാണ് സാധാരണയായി കണ്ടുവരുന്നത്. ഇതിനു വിഭിന്നമായി സ്വര്‍ഗം, നരകം, മറിയത്തിന്റെയും വിശുദ്ധരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന 'അവസാനവിധി' എന്ന ചിത്രത്തിനാണ് പുന്നമൂട് ദേവാലയത്തില്‍ സുരേഷ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. മലാഖമാര്‍, കന്യാമറിയം, അപ്പോസ്തലന്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സ്വര്‍ഗം, നരകം എന്നീ ചിത്രങ്ങളില്‍ വിഷജന്തുക്കളായ തേള്‍, പാമ്പ്, പിശാചുക്കള്‍, സാത്താന്റെ പ്രതിരൂപമായ വ്യാളി എന്നിവയും വരച്ചുചേര്‍ത്തിട്ടുള്ളതായി സുരേഷ് കുന്നുങ്കല്‍ പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ചുവര്‍ച്ചിത്ര പഠനകേന്ദ്രത്തില്‍ നിന്നാണ് സുരേഷ് പഠനം പൂര്‍ത്തിയാക്കിയത്. നിരവധി ക്ഷേത്രങ്ങളിലെ ചുവര്‍ച്ചിത്രങ്ങള്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ചാരുംമൂട് പറയംകുളത്ത് മഷിപ്പൂവ് എന്ന പേരില്‍ പ്രദര്‍ശനശാല ഒരുക്കിയിട്ടുണ്ട്.