Pages

ആദര്‍ശാധിഷ്ഠിതവും പ്രായോഗികവുമായ സമീപനം വേണം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : ജീവിത പ്രശ്നങ്ങലെ നേരിടുമ്പോള്‍ ആദര്‍ശാധിഷ്ഠിതവും പ്രായോഗികവുമായ സമീപനം കൈക്കൊള്ളണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ സഭാ ഭാസുരന്‍ വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദിവന്ന്യാസിയോസ് തിരുമേനിയുടെ 77-ാം ഓര്‍മ്മപെരുന്നാള്‍ കോട്ടയം പഴയസെമിനാരി ചാപ്പലില്‍ ആചരിക്കവെ തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ സാന്നിദ്ധ്യത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മീകത്വത്തിലും ഡോ. സഖറിയാസ് മാര്‍ തെയോഫീലോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് എന്നിവരുടെയും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരുടെയും സഹകാര്‍മ്മീകത്വത്തിലും വി. മൂന്നിന്മേല്‍ കുര്‍ബ്ബാന നടന്നു. 1912 ലെ കാതോലിക്കേറ്റ് സ്ഥാപനം. 1934 ഭരണഘടനയുടെ രൂപീകരണം എന്നിവ ഉള്‍പ്പെടെ സഭയുടെ സ്വാതന്ത്രസംരക്ഷണത്താനാവശ്യമായ സുധീര നടപടികളാണ് വട്ടശ്ശേരില്‍ തിരുമേനി കൈക്കൊണ്ടതെന്നും ആത്മീയ നല്‍വരം അധികാരസ്ഥാപനത്തിനുള്ള ഉപാധിയായി കണക്കാക്കുന്നത് ഉചിതമല്ലെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. സി. കെ. കൊച്ചുകോശി രചിച്ച ‘ധിരോദാത്തവിശുദ്ധന്‍’ എം. ഒ. സി. പബ്ളിക്കേഷന്റെ ‘മാവേലിക്കര പടിയോല’ ഫാ. പി. വി. ജോണ്‍ രചിച്ച ‘ഏവന്‍ ഗേലിയോന്‍ ചിന്തകള്‍’ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ ‘മതോപദേശസാരം’ എന്നീ പുസ്തകങ്ങള്‍ പരിശുദ്ധ ബാവാ പ്രകാശനം ചെയ്തു. ഫാ. ഡോ. ടി. ജെ. ജോഷ്വാ, ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, സഖറിയ മാര്‍ അന്തോണിയോസ് എന്നിവര്‍ കോപ്പികള്‍ ഏറ്റു വാങ്ങി. വൈദീകട്രസ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, സെമിനാരി മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. പ്രസംഗമത്സരത്തില്‍ വിജയികളായ വിന്നി കെ. കോശി, ജോണ്‍ കെ. ജേക്കബ്, സ്റീഫന്‍ വര്‍ഗീസ് എന്നിവര്‍ക്ക് പ. ബാവാ സമ്മാനം നല്‍കി. പഴയസെമിനാരി വളപ്പില്‍ കൂടിയ തീര്‍ത്ഥാടകരെ പരിശുദ്ധ കാതോലിക്കാ ബാവായും സഭയിലെ തിരുമേനിമാരും ചേര്‍ന്ന് ആശീര്‍വദിച്ചു. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനം, വനിതാസമാജം, സന്യാസപ്രസ്ഥാനം, യുവജനപ്രസ്ഥാനം എന്നിവയുടെ ആഭിമുഖ്യത്തിലുള്ള പ്രത്യേക സമ്മേളനങ്ങള്‍ നടന്നു. ഉത്തമസന്യാസികള്‍ ഉണ്ടാകേണ്ടത് സഭയുടെയും സമൂഹത്തിന്റെയും ആവശ്യമാണെന്ന് മുഖ്യപ്രഭാഷണം മടത്തിയ ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് പറഞ്ഞു.