പുനലൂര്‍: 'ഓക്‌സിയോസ്' (ഇവന്‍ യോഗ്യന്‍)പള്ളിയിലും പരിസരത്തും തടിച്ചുകൂടിയ വിശ്വാസികളില്‍നിന്ന് ശബ്ദമുയര്‍ന്നു. ആ പുണ്യനിമിഷത്തില്‍ കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനത്തിന്റെ പ്രഥമ ഇടയന്‍ അഭിഷിക്തനായി. മലങ്കര ഓര്‍ത്തഡോക്‌സ് സഭ, പുതുതായി രൂപവത്കരിച്ച ഭദ്രാസനത്തിന്റെ അധിപനായി ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് സ്ഥാനമേറ്റു. സഭയുടെ പരമാധ്യക്ഷന്‍, ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കതോലിക്ക ബാവ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പുനലൂര്‍ ചെമ്മന്തൂര്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ രാവിലെ തന്നെ പള്ളിപ്പരിസരത്ത് വിശ്വാസികള്‍ തടിച്ചുകൂടിയിരുന്നു. ഏഴുമണിയോടെ പ്രഭാതനമസ്‌കാരം തുടങ്ങി. എട്ടുമണിയോടെ സുന്ത്രോണീസോ ശുശ്രൂഷ ആരംഭിച്ചു. കാതോലിക്ക ബാവയുടെ നിര്‍ദ്ദേശപ്രകാരം 'സ്ഥാത്തിക്കോന്‍' (അധികാരപത്രം), തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മാര്‍ ക്ലീമീസ് വായിച്ചു. തുടര്‍ന്ന് കാതോലിക്ക ബാവ അധികാരപത്രം മെത്രാപ്പോലീത്തയ്ക്ക് നല്‍കി. മാവേലിക്കര ഭദ്രാസനാധിപന്‍ പൗലോസ് മാര്‍ പക്കോമിയോസ് കുര്‍ബാന അര്‍പ്പിച്ചു. പുനലൂര്‍ രൂപതാ മെത്രാന്‍ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ഭദ്രാസന സെക്രട്ടറി ഫാ.അലക്‌സ് പി.സഖറിയ, വികാരി ഫാ.കോശി ജോണ്‍, ട്രസ്റ്റി സന്തോഷ് കെ.തോമസ് എന്നിവര്‍ സംസാരിച്ചു. Source:mathrubhumi
