Pages

വ്യാജ പ്രചരണമരുത് - ഓര്‍ത്തഡോക്സ് സഭ

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരി സംബന്ധിച്ച് വ്യാജ പ്രചരണങ്ങള്‍ ആവര്‍ത്തിച്ച്, അവിടെ ഇല്ലാത്ത അവകാശ അധികാരങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ. പരിശുദ്ധ കാതോലിക്കാ ബാവായുടെ കീഴില്‍, 1934-ലെ സഭാ ഭരണഘടനാനുസൃതം അങ്കമാലി ഭദ്രാസനാധിപനായിരിക്കുന്ന യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായും സ്റാഫുമാണ് അവിടെ താമസിക്കുന്നത്. സെമിനാരിപ്പള്ളി അങ്കമാലി ഭദ്രാസനാധിപന്റെ സ്വകാര്യ ചാപ്പലാണെന്ന് അവിതര്‍ക്കിതമായ കോടതിവിധി നിലവിലുണ്ട്. അത് അസ്ഥിരപ്പെടുത്താന്‍ തക്ക രേഖകളുണ്ടെങ്കില്‍ കോടതിയില്‍ സമര്‍പ്പിച്ച് നിവൃത്തി തേടാവുന്നതാണ്. അനധികൃതമായി ആരെങ്കിലും അവിടെ താമസിക്കുന്നുണ്ടോ എന്ന് പോലീസ് അധികാരികള്‍ക്ക് പരിശോധിക്കുകയും ചെയ്യാം. കോടതിവിധികളും മധ്യസ്ഥ തീരുമാനങ്ങളും ലംഘിച്ചും, മന:പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ചും ഓര്‍ത്തഡോക്സ് ആരാധനാലയങ്ങള്‍ പൂട്ടിച്ചവര്‍ തന്നെ യഥാര്‍ത്ഥ ഉടമസ്ഥരെ പഴിചാരി, പുതിയ മധ്യസ്ഥന്മാര്‍ വേണമെന്ന് വാദിക്കുന്നത് വിചിത്രമായിരിക്കുന്നു. അങ്കമാലി ഭദ്രാസനാധിപനായിരുന്ന ഡോ. ഫീലിപ്പോസ് മാര്‍ തെയോഫിലോസിന്റെ കാര്‍ കത്തിച്ചതും, തൃക്കുന്നത്തേക്ക് മാര്‍ച്ച് നടത്തി സംഘര്‍ഷമുണ്ടാക്കിയപ്പോള്‍ നിയമപാലനത്തിന് എത്തിയ പോലീസ് ഓഫീസറെ ആക്രമിച്ചതും, വഴി തടഞ്ഞ് അഡ്വക്കേറ്റ് ജനറലിന്റെ കാര്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ തകര്‍ത്തതും, സഭാ മാനേജിംഗ് കമ്മറ്റി അംഗമായിരുന്ന മലങ്കര വര്‍ഗീസിനെ മൃഗീയമായി കൊലപ്പെടുത്തിയതും സമാധാനത്തിലേയ്ക്കുള്ള നടപടികള്‍ ആയിരുന്നില്ലല്ലോ. തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന സഭാപിതാക്കന്‍മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ഓര്‍ത്തഡോക്സ് സഭ ജനുവരി 25, 26 തീയതികളില്‍ ഉചിതമായി ആചരിക്കുന്നതിന് വിശ്വാസികള്‍ സഹകരിക്കണം.