Pages

ഈ ചെറിയവനില്‍ ഒരുവന് ചെയ്തിടത്തോളം.......

പെന്തിക്കോസ്തി ഞായറാഴ്ചയുടെ തലേരാത്രിയില്‍ സന്തോഷ് അച്ചന് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സംപ്രക്ഷണം ചെയ്ത തിരുവനന്തപുരം വളപ്പില്‍ശാല സ്വദേശിനി പതിനേഴു വയസ്സുള്ള ജയശ്രീയെന്ന കുട്ടിയുടെ കദനകഥ ഹൃദയത്തെ മഥിച്ചുകൊണ്ടിരുന്നു.പത്താം ക്ളാസ്സില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡുനേടി പാസ്സായ ജയശ്രീ പിന്നീട് ദുരിതങ്ങളുടെ സഹയാത്രികയാവുകയായിരുന്നു. രണ്ടു വൃക്കകളും തകരാറിലായ ജയശ്രീ +1ല്‍ പഠനം അവസാനിപ്പിച്ചു. തീര്‍ത്തും നിര്‍ദ്ധന കുടുംബത്തിലെ അംഗമായ ഈ കുട്ടിയുടെ അനുജത്തി ജയലക്ഷ്മിയും തൈറോയ്ഡ് ബാധിച്ച് രോഗാവസ്ഥയിലാണ്. മാനസികദൌര്‍ബല്യമുള്ള അച്ഛന് ഇതൊന്നും മനസ്സിലാക്കാനും കഴിവില്ല. രോഗബാധിതരായ മൂന്നുആളുകള്‍ ഉള്ള കുടുംബത്തില്‍ വരുമാനമാര്‍ഗ്ഗം ഒന്നുമില്ല. ജയശ്രീയുടെ അമ്മ നെഞ്ചില്‍ നെരിപ്പോടുമായി കഴിയുന്നു. ജയശ്രീയുടെ വൃക്കമാറ്റ ശസ്ത്രക്രിയുടെ മുഴുവന്‍ ചെലവുകളും സായിട്രസ്റ് വഹിക്കാമെന്ന് സമ്മതിച്ചപ്പോഴും ആര് വൃക്കദാനം ചെയ്യുമെന്ന പ്രശ്നം പരിഹൃതമായില്ല. പണംമുടക്കി വൃക്ക വാങ്ങുവാനുള്ള പ്രാപ്തിയും ആകുടുംബത്തിനില്ല. ഈ ദുസ്ഥിതിയില്‍ വലയുന്ന കുടുംബത്തിന്റെ കഥയാണ് ഉദാരമതികളുടെ കാരുണ്യത്തിനുവേണ്ടി എഷ്യാനെറ്റ് സമര്‍പ്പിച്ചത്.
പോണ്ടിച്ചേരി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെന്തിക്കോസ്തി ശുശ്രൂഷ നടത്താനാണ് സന്തോഷ് അച്ചന്‍ അവിടെ പോയത്. ഏഷ്യാനെറ്റില്‍ ഈ ദുഃഖകഥ കണ്ട അച്ചന്‍ പെന്തിക്കോസ്തി ശുശ്രൂഷയിക്കു ശേഷം ഏഷ്യാനെറ്റില്‍ വിളിച്ച് തന്റെ ഒരു വൃക്ക ജയശ്രീയ്ക്ക് നല്കുവാന്‍ സന്നദ്ധനാണ് എന്ന് അറിയിച്ചു. ആരും സഹായിക്കാനില്ലാത്ത ഒരു കുടുംബത്തിന് പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഒരു പൊന്‍തിരി കത്തിച്ചു നല്കുവാന്‍ അച്ചന് കഴിയുന്നു. അഴിമതിയുടേയും അനീതിയുടേയും നാറുന്ന കഥകള്‍ കേട്ട് മനംമടുത്ത നമുക്ക് നന്മയുടെ അങ്കുരമായി ഓര്‍ത്തഡോക്സ് സഭയിലെ ഒരു വൈദികന്‍ വന്നെത്തുമ്പോള്‍ സഭയും സന്തോഷിക്കുന്നു. ഇപ്പോള്‍ മദ്രാസ് ഭദ്രാസനത്തിലെ പോണ്ടിച്ചേരി പള്ളി വികാരിയായി ശുശ്രൂഷ അനുഷ്ഠിക്കുന്ന ഈ അവിവാഹിതപട്ടക്കാരന്‍ ഷിപ്പ്യാര്‍ഡിലെ ജോലി ഉപേക്ഷിച്ചിട്ടാണ് വൈദികവൃത്തിയിലേക്ക് വന്നതെന്നുള്ളത് അദ്ദേഹത്തിന്റെ ശുശ്രൂഷയെ വ്യത്യസ്തമാക്കുന്നു.
ബുദ്ധിമാന്ദ്യമോ അംഗവൈകല്യമോ സംഭവിച്ച കുട്ടികള്‍ക്കുവേണ്ടി തിരുവനന്തപുരത്ത്  വെളിയംകോട്ട് ഒരു വാടക്കെട്ടിടത്തില്‍ ബെഥ്സെദാ എന്ന ഒരു ശരണാലയവും നടത്തുകയാണ് മുപ്പത്തിനാലുകാരനായ ഈ യുവവൈദികന്‍.  തിങ്കള്‍ മുതല്‍ വെള്ളിവരെ അച്ചന്റെ കര്‍മ്മരംഗമാണ് ബെദ്സെദാ സമൂഹത്തില്‍ നിന്ന് പുറംതള്ളപ്പെട്ടവര്‍ക്കുവേണ്ടി - പതിതര്‍ക്കുവേണ്ടി - ജീവിതം സമര്‍പ്പിച്ച ഫാ. എ. ജി. ശമുവേല്‍ എന്ന സന്തോഷ് ജോര്‍ജ്ജ് അച്ചന്‍ പെന്തിക്കോസ്തിയുടെ ആത്മീയ അനുഭവം ക്രൈസ്തവലോകത്തിന് കാട്ടിത്തരുന്നു. സ്വന്തജീവന്‍ തന്ന് ലോകത്തെ സ്നേഹിച്ച ക്രിസ്തുനാഥന്റ പാതയില്‍ കുരിശു വഹിക്കുവാന്‍ സന്നദ്ധനായി നീങ്ങുന്ന സന്തോച്ചനു വേണ്ടിയും അദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും പ്രാര്‍ത്ഥിക്കാം...