പരുമല : ഭാരതീയ ക്രൈസ്തവ സഭകളിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും ഭാരതീയ ക്രൈസ്തവ സഭകളിലെ ആദ്യത്തെ പരിശുദ്ധനുമായ പ.പരുമല തിരുമേനിയുടെ മെത്രാന്‍ സ്ഥാനാഭിഷേകത്തിന്റെ 134-ാം വാര്‍ഷികം ഡിസംബര്‍ 10-ന് വെള്ളിയാഴ്ചപരുമല പള്ളിയില്‍ വിവിധ പരിപാടികളോടെ ആഘോഷപൂര്‍വം നടത്തുമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലൊസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു. 1876 - ഡിസംബര്‍ 10-ന് വടക്കന്‍ പറവൂര്‍ മാര്‍ത്തോമ്മന്‍ പള്ളിയില്‍ വച്ചാണ് ഗീവറുഗീസ് റമ്പാനെ “ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് ”എന്ന പേരില്‍ മെത്രാപ്പോലിത്തയായി വാഴിച്ചത്. 1877 മെയ് 5-ന് നിരണം ഭദ്രാസന മെത്രാപ്പോലിത്താ ആയി നിയമിതനായതോടെ അന്നത്തെ മലങ്കര മെത്രാപ്പോലിത്താ ആയിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസിന്റെ നിയോഗാനുസരണം ഗ്രീഗോറിയോസ് തിരുമേനി പരുമലയില്‍ താമസമാക്കി. 25 വര്‍ഷക്കാലം പരുമലയില്‍ താമസിച്ച് നിരണം, തുമ്പമണ്‍, കൊല്ലം ഭദ്രാസനങ്ങളുടെ ഭരണം നടത്തിയ തിരുമേനി “പരുമല തിരുമേനി”എന്ന പേരില്‍ അറിയപ്പെട്ടു.ഡിസംബര്‍ 10-ന് വെള്ളിയാഴ്ച രാവിലെ 7.30-ന് നടത്തുന്ന വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലിത്താ മുഖ്യ കാര്‍മികത്വം വഹിക്കും. 10 മണിക്ക് സിംപോസിയവും 11 മണിക്ക് പൊതുസമ്മേളനവും നടത്തും.