Pages

91 -മത് കാതോലിക്കയായി പൌലോസ് ദ്വിതീയന്‍ അവരോധിതനായി

പരുമല: പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ സ്‌ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്നു് ഓര്‍ത്തഡോക്‌സ്‌ പൗരസ്ത്യ സഭയുടെ പ്രധാനാചാര്യനായ പൗരസ്ത്യ കാതോലിക്കോസും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷനായ മലങ്കര മെത്രാപ്പൊലീത്തയും ആയി നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്തയെ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍എന്ന പേരില്‍ വാഴിച്ചു. സ്ഥാനമൊഴിഞ്ഞ പരിശുദ്ധ ദിദിമോസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും സഭയിലെ മറ്റുമെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലും ആയി നവംബര്‍ 1-ആം തീയതി രാവിലെ പരുമല പള്ളിയില്‍‍ വച്ചാണു് സ്ഥാനാരോഹണച്ചടങ്ങു് നടന്നതു്.സ്ഥാനാരോഹണ ചടങ്ങില്‍ സഭയിലെ ഇരുപത്തഞ്ചോളം മെത്രാപ്പോലീത്താമാരും നൂറു കണക്കിന് വൈദികരും കന്യാസ്ത്രീകളും പതിനായിരത്തിലധികം വിശ്വാസി സമൂഹവും സാക്ഷ്യം വഹിച്ചു. രാവിലെ ആറരയ്ക്ക് അഭിവന്ദ്യ തിരുമേനിമാരെ പള്ളി മേടയില്‍ നിന്ന് പള്ളിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് പ്രഭാത നമസ്കാറാം ആരംഭിച്ചു. വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ സ്ഥാനാരോഹണ ശുശ്രൂഷ പരിശുദ്ധ കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആരംഭിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി പരിശുദ്ധ പൌലോസ് ദ്വിതീയനെ അവരോധിച്ച പ്രഖ്യാപനം വായിച്ചപ്പോള്‍ പള്ളി മണികള്‍ ഉച്ചത്തില്‍ മുഴങ്ങി. നാലര മണിക്കൂറുകള്‍ നിന്ന ശുശ്രൂഷകള്‍ പതിനൊന്നു് മണിയോടെയാണു് അവസാനിച്ചതു്‌. കാതോലിക്കയായി സ്ഥാനമേറ്റ പരിശുദ്ധ പൌലോസ് ദ്വിതീയന്‍ ബാവയെ സ്ഥാനമൊഴിഞ്ഞ വലിയ ബാവ ഹാരമണിയിച്ചു.തുടര്‍ന്ന് സഭയുടെ മെത്രാപ്പോലീത്താമാരും വൈദിക - അല്‍മായ ട്രെസ്റ്റിയും ഹാരമണിയിച്ചു. പുതിയ ഇടയനു ആശംസകള്‍ നേര്‍ന്നു. ബിഷപ്‌ മാര്‍ പൌവത്തില്‍, മര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, കേരള സംസ്ഥാന ധനകാര്യ മന്ത്രി ഡോ.തോമസ്‌ ഐസക് തുടങ്ങി രാഷ്ട്രീയ സാമൂഹിക മത സാംസ്കാരിക രംഗങ്ങളില്‍ നിന്നായി അനേകം പേര്‍ പുതിയ കാതോലിക്ക ബാവയ്ക്ക് ആശംസകള്‍ നേരുവാനായി പരുമലയില്‍ എത്തിച്ചേര്‍ന്നിരുന്നു.